Thursday, May 5, 2011

കീരിക്കാടന്‍ ചത്തേ....



പത്തു കൊല്ലം ഈ ഭൂലോകം എന്ന ചെറു ഗ്രാമത്തെ 'കിടുകിടാ' വിറപ്പിച്ചു നിര്‍ത്തിയ 'കൊടിയ ഭീകരന്‍' കൊല്ലപ്പെട്ട വാര്‍ത്ത പത്രങ്ങള്‍ ഘോഷിക്കുന്നത് കണ്ടപ്പോള്‍ പണ്ടെങ്ങാണ്ട് കൊച്ചിന്‍ ഹനീഫ ഓടിയ ഓട്ടമാണ് ഓര്‍മ്മ വന്നത്. 
ബിന്‍ ലാദിന്‍ എന്ന മഹാ മേരുവിനെ കൊന്ന വാര്‍ത്ത ഒബാമയും അങ്ങനെതന്നെയാണ് വിളിച്ചു പറഞ്ഞത്.
2001 സെപ്തംബര്‍ 11 ന്‌ ട്രേഡ് സെന്റര്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ദ്രിശ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് വാര്‍ത്താവതാരകരെല്ലാം നിരീക്ഷിച്ചത് ചരിത്രം വിഭജിക്കപ്പെട്ടു എന്നാണ്.അതായതു. സെപ്തംബര്‍ 11 ന്‌ മുമ്പും അതിനു ശേഷവും..
അത് സത്യമായിത്തന്നെ പുലര്‍ന്നു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം അമേരിക്കയുടെ മുഖം വിവര്‍ണ്ണമാകുന്നതും ആ ദേഷ്യം തീര്‍ക്കാനെന്ന വ്യാജേന ലോകത്ത് പലയിടങ്ങളിലും അതിക്രമിച്ചു കയറുന്നതും സെപ്തംബര്‍ 11 ന്‌ ശേഷമാണ്.
അടി കൊണ്ടവനല്ലേ.. ദേഷ്യം തീര്‍ത്തോട്ടെ.. എന്ന സഹാനുഭൂതിയോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആ അധിനിവേശത്തെ നോക്കി നില്‍ക്കുകയും ചെയ്തു.
പിന്നെ ആ രാജ്യം എവിടെയൊക്കെ അതിക്രമം ചെയ്താലും ആരെയൊക്കെ നിഷ്കരുണം കൊന്നൊടുക്കിയാലും ഭീകര വേട്ട എന്ന ഗിഫ്റ്റ് റാപ്പില്‍ പൊതിഞ്ഞ് മാധ്യമങ്ങളും ആ രാജ്യത്തോട് ഐക്യപ്പെട്ടു.9 / 11 ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ എന്ന് അമേരിക്ക പറയുന്ന ബിന്‍ ലാദിനെ തിരഞ്ഞ് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ കൊള്ളയടിച്ചു തൂത്ത് വാരി.
ഇപ്പോള്‍ ആ സത്വം പാക്കിസ്ഥാനെതിരെ നോക്കി നാക്ക് നുണയുന്നുണ്ട്.അതിന്‍റെ കാരണവും ബിന്‍ ലാദിന്‍ തന്നെയാണ്.
ഉപചാപക സ്വരങ്ങള്‍ പണ്ടത്തെ കഥയിലെ പോലെ ഇന്നും പല രാജ്യങ്ങളില്‍ നിന്നും കേട്ടു.കഥ കേട്ട പാടെ കേള്‍ക്കാതെ പാടെ പാക്കിസ്ഥാനുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്ന് ചിദംബരവും പറഞ്ഞിരിക്കുന്നു.

അതിനാല്‍ തന്നെ ചരിത്രം വീണ്ടും വിഭജിക്കാന്‍ പോകുകയാണ്.മേയ് 2 ന്‌ മുമ്പും ശേഷവും..
ലോകത്തെ സകല ഭീകരാക്രമണങ്ങളുടെയും സമൂലാവകാശിയായി വാഴ്ത്തപ്പെട്ടിരുന്ന ബിന്‍ ലാദന്‍റെ മരണ ശേഷം ലോകം സമാധാനത്തിലേക്ക് നയിക്കപ്പെടുമെന്ന്‍ സമാധാനിക്കേണ്ടതില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചന തരുന്നത്.

പുതിയ വില്ലനും പുതിയ നായകനും പുതിയ ലോക്കഷനുമായി കഥ വീണ്ടും മാറുകയാണ്.
തിരഞ്ഞ്  നടന്നിരുന്ന സാധനം പാക്കിസ്ഥാനില്‍ നിന്ന് കിട്ടിയത് കൊണ്ട് അഫ്ഗാനില്‍ 'തെരച്ചില്‍' നിര്‍ത്താനോ ഭീകരവേട്ട അവസാനിപ്പിക്കാനോ അമേരിക്ക തീരുമാനിച്ചിട്ടില്ല.
എന്നാലും ആഘോഷിക്കനെന്തെങ്കിലും കാരണം വേണ്ടേ..
നമുക്കും നില വിളിക്കാം 
കീരിക്കാടന്‍ ചത്തേ......

No comments:

Post a Comment