Friday, July 22, 2011

ഭൂമി വില്‍ക്കാനുണ്ട്..
               കിടപ്പാടത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടെ കൊച്ചു കേരളം.റോഡ്‌ സാന്ദ്രതയിലും ജനസാന്ദ്രതയിലും ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒട്ടും ഇടവേളകളില്ലാതെ കിടപ്പാടങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്.സമര മുഖത്തെത്താന്‍ വിമുഖത കാട്ടിയിരുന്ന ആദിവാസി സമൂഹങ്ങള്‍ വരെ സമരം നയിക്കാന്‍ തുടങ്ങിയതോടെ ഒളിപ്പിച്ചു വെക്കാന്‍ കഴിയാത്ത ഗര്‍ഭാവസ്ഥയായി വളര്‍ന്ന പല സമരങ്ങളും ദേശീയ തലത്തിലും ആഗോളതലത്തിലും വരെ ശ്രദ്ധിക്കപ്പെട്ടു.
                         മണ്ണ് മണ്ണിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കാണ് ഇന്ന് മണ്ണില്ലാത്തത്  എന്നത് ഇന്ന് ഏറെ ചിന്തനീയമായിരിക്കുന്നു. കൃഷി ചെയ്യുന്നതിനും വീട് വെക്കുന്നതിനുമുപരി ഭൂമി കൊണ്ടുള്ള ആവശ്യങ്ങള്‍ അനന്തവും അവര്‍ണ്ണനീയവുമായി വ്യാപിച്ചു പോയത് കൊണ്ടുള്ള ദുരവസ്ഥ!.
ഭൂമിക്കച്ചവടം എന്നത് പണസമ്പാദനത്തിനുള്ള എളുപ്പ വഴിയായിട്ടു അധിക കാലമായിട്ടില്ല.
കാട്ടിലും കടലോരത്തും ചേരികളിലും റോഡരികിലും താമസിക്കുന്നവരില്‍ മാത്രം പരിമിതമായിരുന്നു ഇത് വരെ ഭൂസമരങ്ങള്‍..
എന്നാല്‍ ഇനിയും ഐക്യരൂപം  പൂണ്ടിട്ടില്ലാത്ത സാധാരണക്കാരായ ഭൂരഹിതരുടെ പക്ഷം മൂര്‍ച്ചയേറിയ ഒരു സമര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും വെച്ച് നീട്ടിയാലും വീട് വെക്കാന്‍ വേണ്ട അഞ്ചു സെന്‍റ് ഭൂമി വാങ്ങാന്‍ തികയാതെ വരുന്നത് കൊണ്ട് സ്വന്തം വീട് എന്ന അനിവാര്യത അന്യമായിപ്പോയവരുടെ പക്ഷം.
ഭൂമിയെ വില്‍പനച്ചരക്കാക്കിയവരുടെ അത്യാര്‍ത്തി കൊണ്ട് ഭൂരഹിതരായിത്തീര്‍ന്നവരാണവര്‍.
ഭൂമി, വെള്ളം, വായു എന്നിവ ഒരു ജീവിയുടെ ജന്മാവകാശങ്ങലില്‍ പെട്ടതാണ്. അത് വില്പ്പനച്ചരക്കാക്കാന്‍ പാടില്ല എന്നത് ഒരു മതത്തിന്‍റെയും ആദര്‍ശത്തിന്‍റെയും മഹദ്‌ വ്യക്തിത്വങ്ങളുടെയും സ്വന്തമായ ആപ്തവാക്യമല്ല.
അത് ഈ ഭൂമിയുടെ തന്നെ സന്തുലിതമായ നിലനില്‍പ്പിന് വേണ്ടിയുള്ള സിദ്ധാന്തമാണ്.
എന്നിട്ടും ഭൂമിക്കച്ചവടം എതിര്‍വാക്കുകളില്ലാത്ത പകല്‍ക്കൊള്ളയായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ധാര്‍മികവും സാമൂഹികവും ആത്മീയവുമായ ഒരു കാരണങ്ങള്‍ കൊണ്ടും ന്യായം ന്യായം പറയാന്‍ സാധ്യമല്ലാത്ത ഈ കൊള്ളരുതായ്മക്കെതിരെ മതങ്ങളും ആദര്‍ശങ്ങളും യുവസംഘങ്ങളും കുറ്റകരമായ മൌനം വെടിയാത്തതെന്തു കൊണ്ടാണ്.
മുമ്പൊരു സര്‍ക്കാര്‍ 'GIM' ലൂടെ കേരളത്തിലെ ജലസ്രോതസ്സുകളെ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ സമാനതകളില്ലാത്ത പക്വമായ പ്രതിഷേധങ്ങള്‍ കൊണ്ട് നേരിട്ട അതേ സംഘങ്ങള്‍ തന്നെയാണിവിടെ മൌനം ദീക്ഷിച്ചിരിക്കുന്നത്.
തീര്‍ച്ചയായും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കപ്പെടണം. അനിവാര്യമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാത്ത ഭൂസാംബാദകരെ ഒറ്റപ്പെടുത്തണം.
'ഭൂമാഫിയ' എന്ന് പറഞ്ഞ് തരം തിരിക്കുന്നതിനു മുമ്പ് നമ്മള്‍ നമ്മിലേക്ക് തന്നെ ഒന്ന് നോക്കുന്നത് നല്ലതല്ലേ. 'റിയല്‍ എസ്റ്റെറ്റില്‍ ഒരു ഷെയര്‍' എന്നത് നമ്മുടെ വിശ്വാസത്തിന്‍റെയും ദൈവപ്രീതിയുടെയും പരിധിയില്‍ വരുന്നതാണോ എന്ന് ചിന്തിച്ചു പോരെ മറ്റുള്ളവരെ പഴി ചാരുന്നത്?
മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളും ഈ വേണ്ടാതീനത്തിനെതിരാണെന്ന് ഒട്ടും ശങ്കയില്ലാതെ പറയാം. എന്നിട്ടും പലയിടത്തും ഇതൊരു 'ഹലാലായ' പണ സമ്പാദനമാര്‍ഗമായി പണ്ഡിത നേതൃത്വത്തില്‍ തന്നെ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് നമ്മളെത്തിപ്പെട്ട മൂല്യ ശോഷണത്തിന്‍റെ ആഴമാണ് കാണിക്കുന്നത്.അല്ലെങ്കിലും ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങള്‍ മറിഞ്ഞേക്കാവുന്ന മറ്റെന്തു ബിസിനസ്സാണ് ലോകത്തുള്ളത്?
വല വീശിയും വില പേശിയും കെണികളൊരുക്കിയും  ഭൂമിക്ക് വിലയേറ്റുമ്പോള്‍ ഒരു ജനതയോടും കുലത്തിനോടും ചെയ്യുന്ന അതിക്രമമാണിതെന്ന് മനസ്സില്‍ ദൈവ വിശ്വാസമുള്ളവനെങ്കിലും ഓര്‍ക്കണം.
ഒരിക്കലും ഇരട്ടിപ്പിക്കാണോ ഉല്‍പാദിപ്പിക്കാണോ പൂഴ്ത്തിവെക്കാനോ സാധ്യമല്ലാത്തതാണീ  ഭൂമി. ഭൂലഭ്യതയുടെ അഭാവം കച്ചവടക്കണ്ണുള്ളവര്‍ സ്വന്തം മാതൃഭൂമിയും വ്യഭിചരിക്കാന്‍ തുടങ്ങിയതോടെ സംഭവിച്ചതാണ്. അല്ലാതെ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കുമിടയില്‍ നീതിപൂര്‍വ്വം ഭൂമിയെ വീതം വെച്ച ദൈവത്തിനു പിഴച്ചതല്ല.
നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും വരെ ഇന്ന് ലക്ഷങ്ങളും കോടികളുമാണ് ഭൂമിയുടെ വില. ഇവിടങ്ങളിലത്രയും ഇന്ന് ഭൂമി  കൈവശപ്പെടുത്തി വെച്ചിരിക്കുന്നത് ഭൂമാഫിയ എന്ന് വിളിപ്പേരുള്ള ഗുണ്ടാസംഘങ്ങളൊന്നുമല്ല. നാട്ടുമ്പുറത്ത്കാരായ കൊച്ചുപണക്കാരും അവരുടെ ശിങ്കിടിമാരും ദല്ലാളുമാരുമാണ്.
ജീവിതത്തിന്‍റെ ദൈന്യത കൊണ്ട് കുഴിഞ്ഞുപോയ കണ്‍തടങ്ങളില്‍ നിന്നിറ്റുന്ന കണ്ണുനീരിന്‍റെ ഉപ്പുരസം കലര്‍ന്ന രണ്ടുപിടി ചോറില്‍ നിന്നാണീ  ഓഹരി പറ്റുന്നതെന്ന് ഉടലില്‍ നട്ടെല്ലുള്ളവരെങ്കിലും ആലോചിക്കണം.
വിറ്റാല്‍ ലാഭം കിട്ടുന്നതെന്തും വില്പനച്ചരക്കാക്കാമെന്ന് വിശ്വസിച്ചുപോയാല്‍ ഇനി വില്‍ക്കാനെന്തൊക്കെയിരിക്കുന്നു.
തിരുത്താന്‍ ബാധ്യസ്ഥരായവരുടെ  നികൃഷ്ടമായ മൗനം അവര്‍ക്കും ഈ കൊലച്ചോറില്‍ ഒരു പങ്കില്ലേ എന്ന സംശയം ധ്വനിപ്പിക്കുന്നുണ്ട്. അതോ കല്ലെറിയാന്‍ പാപം ചെയ്യാത്തവരായി ആരുമില്ലെന്നാണോ?
ഭക്ഷണവും സമ്പത്തും ഇപ്പോള്‍ ഭൂമിയും ഒരുകൂട്ടം സമ്പന്നരുടെ കയ്യില്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. ഈ സ്ഥിതി അല്പകാലം  കൂടെ തുടര്‍ന്ന് പോയാല്‍ കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനകീയ സമരം കൃഷിഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ളതായിരിക്കും.  ഒരു സംഘടനയും ഒരു നേതാവുമില്ലാത്ത ഒരു 'മുല്ലപ്പൂ വിപ്ലവ'മായിട്ടായിരിക്കും അത് പരിണമിക്കുക. ഇപ്പോള്‍ ഐക്യപ്പെടാനാകാതെ അന്ധമായ ശുഭാപ്തി വിശ്വാസം കൊണ്ട് മൗനികളായ ഭൂരഹിതര്‍ വിശ്വരൂപം പുറത്തെടുത്ത് പൊട്ടിത്തെറിക്കും. അന്ന് ആ ചരിത്രസമരത്തിന്‍റെ എതിര്‍സ്ഥാനത്ത് ആര് എന്നുള്ളതായിരിക്കും ഏറെ വിചിത്രം.
വ്യാജ പട്ടയങ്ങള്‍ ചമച്ച് അന്യായമായി ഭൂമി കയ്യേറ്റം ചെയ്തു കൈവശം വെക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെയായിരിക്കില്ല ഈ സമരം.ന്യായമായതും കൃത്യമായതുമായ രേഖകളുള്ള ഭൂവുടമകള്‍ക്കെതിരായിരിക്കും.
അത് കൊണ്ട് തന്നെ സര്‍ക്കാരിനും അനുബന്ധ സംവിധാനങ്ങള്‍ക്കും സമരത്തിന്റെ എതിര്‍പക്ഷത്തു നില്‍ക്കേണ്ടി വരും. അത് വരെ ധര്‍മ്മം പ്രസംഗിച്ചു നടന്നവരും ആ സമരത്തിന്‍റെ എതിര്‍പക്ഷത്തു നിലയുറപ്പിക്കും എന്നതായിരിക്കും അതിലെ ഏറ്റവും വലിയ ദുരന്തം!!

Wednesday, May 11, 2011

കാന്ത ഭഗവാന്‍....

പുട്ടപര്‍ത്തിയിലെ വെറുമൊരു രാജുവായിരുന്ന സത്യാ നാരായണ രാജു മൂത്ത സഹോദരന്‍ രത്നം രാജുവിനോടൊപ്പം താമസിച്ചിരുന്ന കാലത്ത് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒന്ന് ബോധം കേട്ട് വീണു.ബോധം വന്നത് മുതല്‍ ഇഷ്ടന്‍ തുടങ്ങിയ നാടകം കളിയാണ്.വെറുതെ ചിരിക്കുകയും കരയുകയും പദ്യങ്ങള്‍ ചൊല്ലുകയും ചെയ്തു കൊണ്ടിരുന്ന രാജുവിനെയും തൂക്കി ഡോക്ടെറുടെ അടുത്ത് പോയി.ഡോക്ടെര്‍ ഹിസ്ടീരിയ ആണെന്ന് വിധിയെഴുതി.
മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ബാബയായി പുനര്‍ജ്ജന്മം പൂണ്ടാവനാണെന്ന അവകാശ വാദവും കൊണ്ട് അവന്‍ അതിനെ നേരിട്ടു.
ആളുകള്‍ കാല്‍ച്ചുവട്ടില്‍ പൊന്നും പണവും ചൊരിയാന്‍ തുടങ്ങിയപ്പോള്‍ രാജു അങ്ങ് വളര്‍ന്നു. അസൂയാവഹമായ വളര്‍ച്ച. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജു എന്ന സത്യ സായി ബാബ മരണം എന്ന മഹാ സത്യത്തിനു മുമ്പില്‍ മറ്റെല്ലാ ജീവനുകളെയും പോലെ കീഴടങ്ങേണ്ടി വന്നപ്പോളാണ് അതിലും വലിയ സത്യം ജനങ്ങളറിയുന്നത്.ഭക്തരുടെ തലയ്ക്കു ചവുട്ടിയും തല കുമ്പിടീച്ചും ബാബ സമ്പാദിച്ചിരിക്കുന്നത്  ഒന്നര ലക്ഷം കോടിയാണ്. തീര്‍ത്തും അനൌദ്യോഗികമായ കണക്കാണിത്. രാഷ്ട്രീയ തമ്പ്രാക്കന്മാരും ബിസിനസ് മേലാളന്മാരും പോരടിച്ചും കൊലവിളിച്ചും സ്വപ്നം പോലും കാണാന്‍ കഴിയാത്ത തുകയാണത്‌.അത് പുട്ടപര്‍ത്തിയിലെ കഥ.
കോഴിക്കോട്ടെ കാന്തപുരത്തു ആലങ്ങം പൊയില്‍ അബൂബക്കര്‍ എന്ന AP കാന്തപുരത്തിന് രചിക്കാനുള്ള കഥ വേറെയാണ്. ഒരു മുടിത്തുമ്പ്‌ കൊണ്ട് ലോകം വാഴുന്ന കഥ.
പ്രവാചകന്റെതെന്നു പറഞ്ഞു അബൂദാബിയില്‍ നിന്ന് എഴുന്നള്ളിച്ചു കൊണ്ട് വന്ന ഈ മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യാത്ത ഒറ്റ മുസ്‌ലിം സംഘടനകളും ഇന്ന് കേരളത്തില്‍ ഇല്ല. കാന്തപുരത്തിന്റെ അനുയായീ വൃന്ദം മാത്രമാണ് ഈ നീച കൃത്യത്തിനു കൂടു നിക്കുന്നത്.
സ്വയം അസ്ഥിത്വമില്ലാത്ത ഒരു ജനക്കൂട്ടത്തെയും വാലില്‍ പിടിപ്പിച്ചു നടത്തി ഇയാള്‍ ജയ് വിളിച്ച് മുന്നില്‍ നടക്കുന്നത് എവിടെക്കാണെന്ന് കേരള ജനത ഇന്ന് മനസ്സിലാക്കിയിട്ടുണ്ട്.
നാട് നീളെ വേദികള്‍ കെട്ടുകയും സംസ്കാര ശൂന്യതയും വിവരമില്ലായ്മയും വിളിച്ച് പറഞ്ഞ് സ്വയം നഗ്നരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയിലാണിപ്പോ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.പറഞ്ഞത് വിഴുങ്ങുകയും വിഴുങ്ങിയത് ഓക്കാനിക്കുകയും വീണ്ടും അതെടുത്തു ഒജീനമാക്കുകയും ചെയ്ത് ഇളിഭ്യരാവുന്ന വീഡിയോ ദൃശ്യങ്ങള്‍ വരെ നെറ്റില്‍ സുലഭാമായതോടെ ഇസ്ലാമിന്‍റെ നവോത്ഥാനത്തെ അസൂയാവഹമായ കണ്ണുകളിലൂടെ നോക്കിക്കാണുന്നവര്‍ക്കതൊരു ദൃശ്യവിരുന്നായി. 
എന്നിട്ടും ഞങ്ങളാണ് അഹല്സുന്ന: എന്ന് കടക്കലും തലക്കലും വെച്ച് കെട്ടിയിട്ടാണിക്കൂട്ടര്‍ വേദികളില്‍ വാ കീറുന്നത്.
ഇസ്ലാമിനോട് പുലബന്ധം പോലുമില്ലാത്ത കബര്‍ പൂജയും വ്യക്തിപൂജയും പൌരോഹിത്യവും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണിവരിപ്പോള്‍ വേദികള്‍ കെട്ടുന്നത്.
ഇസ്ലാമിന്റെ ഒരു മൂല്യത്തെ പോലും അതിന്‍റെ സത്തയോടെ വായിച്ചറിയാന്‍ കഴിയാതെ ആ മൂല്യങ്ങള്‍ക്ക് മുകളില്‍ പൌരോഹിത്യത്തിന്റെ പൊറുക്കാന്‍ കഴിയാത്ത അഹങ്കാരം കൊണ്ടിവര്‍ കാളീയമര്‍ദ്ദനം നടത്തി.ഇപ്പോള്‍ പ്രവാചകന്റെതെന്നു പറഞ്ഞ് ഒരു മുടിത്തുമ്പും പൊക്കിപ്പിടിച്ച് പൂജകര്‍ക്കൊരു ഗേഹം പണിയാന്‍ പിരിവിനിറങ്ങിയിരിക്കുന്നു.
ഈ മുടിത്തുമ്പിനു തുമ്പു ചോദിച്ച കേരളീയന്റെ മുമ്പിലേക്കെടുതിട്ട സനാദ് എന്ന് പറയുന്ന തുമ്പ് അലിയാത്ത മുട്ടന്‍ കല്ലുകളായി തൊണ്ടയില്‍ കുരുങ്ങി.അത് സനാദ് അല്ലായിരുന്നു എന്നത് തന്നെ കാരണം .സനാദ് എന്ന് പറഞ്ഞ് തക്ബീര്‍ മുഴക്കി മര്‍കസില്‍ വായിച്ചു കേള്‍പ്പിച്ചത് മുടി കൊടുത്ത അബൂദാബിക്കാരന്‍ ഖസ്രജിയുടെ വാപ്പ വല്യാപ്പമാരുടെ പേരുകളായിരുന്നു.
മര്‍കസില്‍ ദിവ്യ ദര്‍ശനത്തിനു കാത്തു നിന്ന ആയിരക്കണക്കിന് ദാസന്മാരുടെ ത്രിപ്തിക്ക് ആ ഒരു വാറോല മതിയായിരുന്നു.ഖുര്‍ആനിലും സുന്നത്തിലും വിശ്വസിക്കുന്ന  വിശ്വാസി സമൂഹം ഉരകല്ലില്‍ ഉരച്ചു നോക്കി വ്യാജം എന്ന് ബോധ്യം വന്നതിനാല്‍ ആ മുടിയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി.
പ്രവാചക തിരു ശേഷിപ്പുകളെ കളങ്കം വരുത്താനുള്ള ഈ ഹീന ശ്രമത്തിനെതിരെ ശബ്ദിക്കുന്നവരെ പ്രവാചകനിന്ദകരെന്നും സത്യനിഷേധികള്‍ എന്നും നേതാവും ശിഷ്യഗണങ്ങളും ചേര്‍ന്ന് ഇപ്പോളും വിളിച്ച് കൊണ്ടിരിക്കുന്നു.
ഈ വ്യാജ മുടി കൊടുത്തു കാന്തപുരത്തിനെ പറ്റിച്ച അഹ്മദ് ഖസ്രജിയുടെ കുടുമ്പത്തില്‍ നിന്ന് തന്നെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ കത്തിനുള്ള മറുപടിയില്‍ തങ്ങളുടെ പിതാവിന്റെ കാലത്തോ അതിന് മുമ്പോ അങ്ങനെയൊരു മുടിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് അഹ്മദ് ഖസ്രജിയുടെ  ജ്യേഷ്ടന്‍ ഹസ്സന്‍ ഖസ്രാജി വെളിപ്പെടുത്തുന്നു.
ഹസ്സന്‍ ഖസ്രജിയെ കള്ള് വ്യപാരിയെന്നും അധോലോകനെന്നും മറ്റുമാണ് ഇപ്പോള്‍ കാന്ത ഭക്തര്‍ വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.
പ്രവാചകന്റെ തിരു മുടി പോലും  തനിക്കു അജയ്യനാകാനുള്ള ചവിട്ടുപടികളാക്കിയ ഈ കപടന്‍ കാന്തനെ ഇനിയും ഒന്നാം ഖലീഫയുടെ പേര്‍ ചേര്‍ത്ത് വിളിക്കുന്നതില്‍ അനൌചിത്യമുണ്ട്.
ബാബയുടെ സമാധിയില്‍ ചെന്ന് പുതിയ അവതാരം പൂണ്ട് പഴയ രാജുവിനെപ്പോലെ ഒന്ന് ബോധംകെട്ടുവീണ് തലയറ്റുപോയ പാറ്റയെപോലെ നട്ടം കറങ്ങുന്ന സായി ഭക്തര്‍ക്ക് ഒരാശ്വാസമായി ഒരു പുനര്‍ജന്മ നാടകം കളിച്ചു നോക്ക് ...
അല്ലാതെ ഈ ഉമ്മത്ത്‌ താങ്കളുടെ വാലില്‍ പിടിച്ച് ജയ് വിളിച്ച് കൂടെ വരുമെന്ന് ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് പള്ളീ പറഞ്ഞാ മതി......

Thursday, May 5, 2011

കീരിക്കാടന്‍ ചത്തേ....പത്തു കൊല്ലം ഈ ഭൂലോകം എന്ന ചെറു ഗ്രാമത്തെ 'കിടുകിടാ' വിറപ്പിച്ചു നിര്‍ത്തിയ 'കൊടിയ ഭീകരന്‍' കൊല്ലപ്പെട്ട വാര്‍ത്ത പത്രങ്ങള്‍ ഘോഷിക്കുന്നത് കണ്ടപ്പോള്‍ പണ്ടെങ്ങാണ്ട് കൊച്ചിന്‍ ഹനീഫ ഓടിയ ഓട്ടമാണ് ഓര്‍മ്മ വന്നത്. 
ബിന്‍ ലാദിന്‍ എന്ന മഹാ മേരുവിനെ കൊന്ന വാര്‍ത്ത ഒബാമയും അങ്ങനെതന്നെയാണ് വിളിച്ചു പറഞ്ഞത്.
2001 സെപ്തംബര്‍ 11 ന്‌ ട്രേഡ് സെന്റര്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ദ്രിശ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് വാര്‍ത്താവതാരകരെല്ലാം നിരീക്ഷിച്ചത് ചരിത്രം വിഭജിക്കപ്പെട്ടു എന്നാണ്.അതായതു. സെപ്തംബര്‍ 11 ന്‌ മുമ്പും അതിനു ശേഷവും..
അത് സത്യമായിത്തന്നെ പുലര്‍ന്നു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം അമേരിക്കയുടെ മുഖം വിവര്‍ണ്ണമാകുന്നതും ആ ദേഷ്യം തീര്‍ക്കാനെന്ന വ്യാജേന ലോകത്ത് പലയിടങ്ങളിലും അതിക്രമിച്ചു കയറുന്നതും സെപ്തംബര്‍ 11 ന്‌ ശേഷമാണ്.
അടി കൊണ്ടവനല്ലേ.. ദേഷ്യം തീര്‍ത്തോട്ടെ.. എന്ന സഹാനുഭൂതിയോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആ അധിനിവേശത്തെ നോക്കി നില്‍ക്കുകയും ചെയ്തു.
പിന്നെ ആ രാജ്യം എവിടെയൊക്കെ അതിക്രമം ചെയ്താലും ആരെയൊക്കെ നിഷ്കരുണം കൊന്നൊടുക്കിയാലും ഭീകര വേട്ട എന്ന ഗിഫ്റ്റ് റാപ്പില്‍ പൊതിഞ്ഞ് മാധ്യമങ്ങളും ആ രാജ്യത്തോട് ഐക്യപ്പെട്ടു.9 / 11 ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ എന്ന് അമേരിക്ക പറയുന്ന ബിന്‍ ലാദിനെ തിരഞ്ഞ് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ കൊള്ളയടിച്ചു തൂത്ത് വാരി.
ഇപ്പോള്‍ ആ സത്വം പാക്കിസ്ഥാനെതിരെ നോക്കി നാക്ക് നുണയുന്നുണ്ട്.അതിന്‍റെ കാരണവും ബിന്‍ ലാദിന്‍ തന്നെയാണ്.
ഉപചാപക സ്വരങ്ങള്‍ പണ്ടത്തെ കഥയിലെ പോലെ ഇന്നും പല രാജ്യങ്ങളില്‍ നിന്നും കേട്ടു.കഥ കേട്ട പാടെ കേള്‍ക്കാതെ പാടെ പാക്കിസ്ഥാനുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്ന് ചിദംബരവും പറഞ്ഞിരിക്കുന്നു.

അതിനാല്‍ തന്നെ ചരിത്രം വീണ്ടും വിഭജിക്കാന്‍ പോകുകയാണ്.മേയ് 2 ന്‌ മുമ്പും ശേഷവും..
ലോകത്തെ സകല ഭീകരാക്രമണങ്ങളുടെയും സമൂലാവകാശിയായി വാഴ്ത്തപ്പെട്ടിരുന്ന ബിന്‍ ലാദന്‍റെ മരണ ശേഷം ലോകം സമാധാനത്തിലേക്ക് നയിക്കപ്പെടുമെന്ന്‍ സമാധാനിക്കേണ്ടതില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചന തരുന്നത്.

പുതിയ വില്ലനും പുതിയ നായകനും പുതിയ ലോക്കഷനുമായി കഥ വീണ്ടും മാറുകയാണ്.
തിരഞ്ഞ്  നടന്നിരുന്ന സാധനം പാക്കിസ്ഥാനില്‍ നിന്ന് കിട്ടിയത് കൊണ്ട് അഫ്ഗാനില്‍ 'തെരച്ചില്‍' നിര്‍ത്താനോ ഭീകരവേട്ട അവസാനിപ്പിക്കാനോ അമേരിക്ക തീരുമാനിച്ചിട്ടില്ല.
എന്നാലും ആഘോഷിക്കനെന്തെങ്കിലും കാരണം വേണ്ടേ..
നമുക്കും നില വിളിക്കാം 
കീരിക്കാടന്‍ ചത്തേ......

Monday, March 7, 2011

പേക്കിനാവ്ഇതെന്‍റെ കടിഞ്ഞൂല്‍ പ്രസവമാണ്.അതിന്‍റെ എല്ലാ പേടിയും വേദനയും അനുഭവിച്ചു കൊണ്ടാണ് ഈ പോസ്റ്റ്‌ ഇവിടെ പിറന്നു വീഴുന്നത്.
ഈ ബൂലോകത്ത് വല്ലതും എഴുതി ഫലിപ്പിക്കുക എന്ന് പറയുന്നത് മീന് കായം പുരട്ടുന്ന പോലുള്ള പരിപാടിയല്ലന്നു ഇപ്പോളാ ബോധ്യം വന്നത്.
ഈ അടുത്ത കാലത്ത് ബൂലോകം പരിചയപ്പെട്ടവനാണു ഞാന്‍.നൂറു കണക്കിന് 
ബ്ലോഗര്‍മാരെയും അവരുടെ നൂറു കണക്കിന് പോസ്റ്റുകളും കണ്ടു.

എന്‍റെ റബ്ബേ..ഇവരൊക്കെ തീനും കുടിയും കഴിഞ്ഞല്ലേ ഈ പണിക്കൊക്കെ നിക്കുന്നത്!!!
ഇവിടെ തീനും കുടിയും വേണ്ടാന്നു വെച്ചിട്ടും രണ്ടു വരി തലയിലുദിക്കുന്നില്ല.
എഴുത്ത് മുന്നേയും ചെയ്തിട്ടുണ്ട്.പക്ഷെ ഇപ്പൊ വായിക്കാന്‍ കാത്തിരിക്കുന്നവരുണ്ടെന്നറിഞ്ഞപ്പോ ഉള്ള ചങ്കുറപ്പൊക്കെ പോയി.
തുടക്കം തന്നെ മോശമായാല്‍ എല്ലാവരെയും ശ്രദ്ധിക്കുന്നവന്‍ പോലും എന്നെ ശ്രദ്ധിക്കില്ല.
ഒരു വഴിപോക്കന്‍ പോലും പിന്നീടീ വഴിക്ക് തിരിഞ്ഞു നോക്കില്ല.
എന്തിനാ റബ്ബേ ഇങ്ങനൊരു മാരണം ഏറ്റത് എന്നോര്‍ത്ത് പനിയും പിടിച്ചു.(ദൈവത്താണേ..)
എന്‍റെ കഥയും കവിതയുമൊക്കെ ഗുണനിലവാര പരിശോധനക്ക് ലാബില്‍ കൊടുത്തിട്ടുണ്ട്.റിസള്‍ട്ട് കിട്ടിയാല്‍ പ്രസിദ്ധീകരിക്കും.
ഒരു സല്‍ക്കര്‍മ്മം ചെയ്തു കൊണ്ടല്ലേ എന്തും തുടങ്ങേണ്ടത് എന്നോര്‍ത്തിട്ടാണ് അതൊക്കെ മാറ്റി വെച്ചത്.പകരം എന്‍റെ ഈ അനുഭവം ഇവിടെ പങ്കു വെക്കുന്നു.
ഐക്കല്ല്, ഉറൂക്ക്,മന്ത്രിച്ചൂതിയ ചരട്, അസ്മാഉ (!!) (ഞാന്‍ ഉദ്ദേശിച്ച അക്ഷരം ഗൂഗിള്‍ തരുന്നില്ല.)എഴുതി തലയിലുഴിഞ്ഞ മുട്ട.പിഞ്ഞാണത്തിലെഴുതിയ മഷി,തങ്ങള്‍,മുസ്ലിയാര്‍,പറയന്‍,മന്ത്രവാദി.....
ഇവരെയൊക്കെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരനുഭവമാണ്.
വാദി: ഈ ചിന്ന ചെറിയവന്‍..

ഉറക്കത്തില്‍ പേക്കിനാവ് കാണുന്നത് ഒരു ശീലമാക്കിയവനായിരുന്നു ഞാന്‍.എന്റെ സ്വപ്നം ഭീകരമായിപ്പോയ ആദ്യാനുഭവം ഒരു ദുരന്ത ദിവസം പോലെയാണ് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നത്.ഒരിക്കല്‍ വര്‍ഷാന്ത അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തിയ ദിവസങ്ങളിലോന്നിലായിരുന്നു അത്.

ആ സ്വപ്നം ഇങ്ങനെയായിരുന്നു;

ഒരു മൈതാനത്ത് ഞാന്‍ മലര്‍ന്നു കിടക്കുന്നു.ഇരുട്ടി
ന്‍റെ ചാരനിറം പൂണ്ടു നില്‍ക്കുന്ന ആകാശം മാത്രമാണ് കണ്ണില്‍.പെട്ടെന്ന് ആകാശത്ത് നീല നിറത്തിലുള്ള ഒരു ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടു.(എന്ത് കൊണ്ട് ഡോള്‍ഫിന്‍ എന്നൊന്നും എനിക്കറിഞ്ഞൂടാ.)എന്‍റെ കണ്ണിനു സമാന്തരമായി അത് പതിയെ കറങ്ങാന്‍ തുടങ്ങി.ക്രമാനുഗതമായി അതിന്‍റെ കറക്കത്തിന്റെ വേഗത വര്‍ധിച്ചു കൊണ്ടിരുന്നു.
കറക്കം കൂടിക്കൂടി വന്നപോഴാണ് ആ ദയനീയ സത്യം എനിക്ക് ബോധ്യം വന്നത്;കറങ്ങുന്നത് ഡോള്‍ഫിന്‍ അല്ല.ഞാനാണ്‌.
എന്നെ കറങ്ങുന്ന ഒരു ബോര്‍ഡില്‍ ബന്ധിച്ചിരിക്കുന്നു.രക്ഷപെടാന്‍ ഒരു വഴിയുമില്ല 
എന്‍റെ കയ്യിന്‍റെയും കാലിന്‍റെയുമൊക്കെ പിടുത്തം വേര്‍പ്പെട്ടു തുടങ്ങി.തൊലിയുരിഞ്ഞു തെറിച്ചു പോകുന്നു.
വേദന
കടുത്ത വേദന..
പിന്നൊന്നും ഓര്‍ത്തില്ല.ഉറക്കെ അലറി.
ഒരിറ്റു നേരത്തേക്ക് എല്ലാം ശാന്തം.
എന്‍റെ അലര്‍ച്ചയുടെ വലുപ്പമറിയണമെങ്കില്‍ പിന്നത്തെ കഥകളൊക്കെ അറിഞ്ഞാല്‍ മതി.
റൂമില്‍ കൂടെയുള്ള നാലു പേരും ഉണര്‍ന്നു.ഒരാള്‍ വന്ന് വെള്ളം തന്നു,
ചൂട് വെള്ളം വേണോ?
എന്താ കണ്ടത്?
ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ?
രാത്രി കിടക്കുമ്പോ ആയത്തുല്‍ കുര്‍സിയ്യ്‌  ഓതിയില്ലേ?
ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു.
നേരം വെളുത്തപ്പോ മറ്റൊരു പുകില്.
തൊട്ടടുത്ത അറബി വില്ലയില്‍ നിന്ന് അറബി വന്ന് സലാം പറഞ്ഞു.
സലാം മടക്കിക്കഴിഞ്ഞപ്പോള്‍ അയാളുടെ സ്വഭാവം മാറി.
അയാള്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും സഹവാസി സങ്കടപ്പെട്ടു വിവരിച്ചു തന്നു.
"നിങ്ങളെന്താ ഇവിടെ പാതിരക്ക് കൊലപാതകം നടത്തുന്നുണ്ടോ? മനുഷ്യന്മാര്‍ക്ക് ഉറങ്ങണ്ടേ? എന്‍റെ വയസ്സായ ഉമ്മ ഒച്ച കേട്ട് പേടിച്ചുണര്‍ന്നു.
പകല്‍ നിങ്ങളുടെ കരിച്ചതിന്‍റെയും പൊരിച്ചതിന്‍റെയും മണം തന്നെ ഉമ്മാക്ക് പിടിക്കുന്നില്ല. എന്തെണ്ണയിലാ നിങ്ങള്‍ പൊരിക്കുന്നത്.മനുഷ്യന്മാര്‍ക്ക് തിന്നാന്‍ പറ്റിയ വല്ലതുമാണോ നിങ്ങള്‍ തിന്നുന്നത്?"
അറബി പറഞ്ഞതിന്‍റെ  മലയാളീകരിച്ച രൂപമാണ്‌ മേല്‍പ്പറഞ്ഞത്‌.
പത്തു മണിയാവുമ്പോഴേക്കു ബലദിയയില്‍ നിന്ന് നോട്ടീസുമായി ആള്‍ വന്നു.
അങ്ങനെ അവിടന്ന്‍ താമസം മാറി.

പുതിയ താമസസ്ഥലത്ത് നിന്നും  പേക്കിനാവ് കണ്ടു. പലവട്ടം.
ചിലതൊക്കെ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്.
കറങ്ങുന്ന രണ്ടു ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്നത്....
വലിയൊരു ഗര്‍ത്തത്തിലേക്ക് വീണു പോകുന്നത്...
തണുത്തുറഞ്ഞ വെള്ളത്തില്‍ വീഴുന്നത്..
അങ്ങനെ ചിലതൊക്കെ ഓര്‍ക്കുന്നു.
എല്ലാ സ്വപ്നത്തിലും മരണത്തെ ഞാന്‍ മുഖാമുഖം കണ്ടു.
സ്വപ്നത്തിനു ശേഷം ഉറങ്ങാന്‍ കഴിയാറുമില്ല.

ഇതൊക്കെ ഉറക്കത്തിലെ വിശേഷങ്ങള്‍;ഉണര്‍ന്നിരിക്കുംപോളും ചില വിശേഷങ്ങളുണ്ട്.
ശക്തമായ തല വേദന,
ഉറക്ക ക്ഷീണം;
ഇടക്ക് മാനസിക നില തെറ്റുന്നത് പോലെ,
ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല,
ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടി വരുമ്പോള്‍ മനസ്സ് പിടക്കുന്നു,
ശരീരം വിറക്കുന്നു,
അകാരണമായി വിയര്‍ക്കുന്നു,
ഇടയ്ക്കിടയ്ക്ക് പിരടിയുളുക്കുന്നു,
ദേഷ്യം വരുന്നു.....
പരിഹാര നിര്‍ദേശങ്ങള്‍ പലതും വന്നു;
മന്ത്രം,ചരട്,ഉരൂക്ക്,ഐക്കല്ല്,മന്ത്രവാദം,സിഹ്ര്...
എന്തായാലും ഇത്തരം പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ നമ്മളൊക്കെ ആശ്രയിക്കാറുള്ള നമ്മുടെയൊക്കെ വന്ദ്യ ഗുരു 'ഗൂഗിള്‍ ' അവര്‍കളുടെ അടുത്തു വിഷയം അവതരിപ്പിച്ചു.
ഈ സൂക്കേട് ചില്ലറക്കാരനല്ല.
അമേരിക്കയില്‍ മാത്രം 6 .8 മില്ല്യന്‍ ആളുകള്‍ക്ക് (പ്രായ പൂര്‍ത്തിയായവര്‍) ഈ അസുഖമുണ്ട്.
അതായത് 3 .1 ശതമാനം ആളുകള്‍ക്ക്.
GAD ( Generalized Anxiety Disorder ) എന്ന് മന:ശ്ശാസ്ത്രജ്ഞര്‍ ഓമനപ്പേരിട്ട് വിളിക്കുന്നു.

http://www.adaa.org/understanding-anxiety/generalized-anxiety-disorder-gad
ലക്ഷണങ്ങള്‍ പലരിലും വ്യത്യാസപ്പെട്ടിരിക്കും.ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുണ്ട്‌.
എന്തായാലും നാട്ടില്‍ പോയി ഡോക്ടറെ വിളിച്ചു.
ഒരു സ്ത്രീ ആണ്.പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലില്‍.
ഭാര്യയുമായി ചെല്ലാന്‍ പറഞ്ഞു.
അവിടെ ജനറല്‍ ബ്ലോക്കും മെന്റല്‍ ബ്ലോക്കും വേറെ വേറെയാണ്.
ഭാര്യക്ക്‌ വിഷയം ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല.ഡോക്ടറുടെ കാബിനു പുറത്തു കത്ത് നില്‍ക്കുമ്പോള്‍ ഭാര്യ ചോദിച്ചു;
'ഇത് ഭ്രാന്തന്മാരുടെ ഡോക്ടറല്ലേ?'
ഞാന്‍ പറഞ്ഞു: 'അതെ'
'ഇങ്ങക്കെന്താ പ്രാന്ത്ണ്ടാ?'
ഭാര്യ വിടുന്ന ലക്ഷണമില്ല.
'പ്രാന്ത് വരാണ്ടിരിക്കാനാ..'
'വന്നിട്ട് കാട്ടിയ പോരെ?'
'വന്നിട്ട് കാട്ടാന്‍ ഇയ്യ്‌ കൂടെ വരോ ?'
വാദിച്ചു ജയിച്ചെങ്കിലും അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങി.
അവളുടെ മുഖവും ശബ്ദവും താഴ്ന്നു.
'നമ്മക്ക് പോവാം...ഇങ്ങക്കൊരു സൂക്കെടൂല്ല്യാ....ഒക്കെ ഇങ്ങള്‍ടെ തോന്നലാ..'
മനമില്ലാ മനസ്സോടെ ഡോക്ടറെ കാണാതെ തിരിച്ചു പോന്നു.
പിന്നീടു ദിവസങ്ങളെടുത്ത് അവളെ വിഷയം പറഞ്ഞു മനസ്സിലാക്കി.
ഒരു പോക്ക് കൂടെ പോയി.
ഡോക്ടറെ കണ്ടു.
ഡോക്ടര്‍ക്ക് പലതും അറിയേണ്ടതുണ്ടായിരുന്നു;
എന്‍റെ ജോലി,ആരോഗ്യം,കുടുംബ പശ്ചാത്തലം...
വൃക്ക ഉദര സംബന്ധമായ രോഗങ്ങളുണ്ടോ?
സഭാകമ്പമുണ്ടോ?
വലിയ ബാധ്യതകളുണ്ടോ?
ജനിച്ചു വളര്‍ന്ന പശ്ചാത്തലം എന്ത്?
തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍...
അവസാനം ഡോക്ടര്‍ കല്പിച്ചതും ഗൂഗിള്‍ നിരീക്ഷിച്ചതും ഒന്ന്.
( ബൂലോകത്ത് വായിക്കാന്‍ കുറെയേറെ ഉള്ളത് കൊണ്ടും കൂടുതല്‍ വിശദീകരിച്ചാല്‍ ബോറടിക്കുമെന്നുല്ലത് കൊണ്ടും മാനസിക ശാരീരിക ആരോഗ്യ മേഖല എനിക്ക് പരിചയമില്ലാത്ത വിഷയമായത് കൊണ്ടും കൂടുതല്‍ എഴുതാന്‍ ഞാന്‍ വിസമ്മതിക്കുന്നു.)
ഡോക്ടര്‍ കുറിച്ച് തന്ന VENTAB (Venlafaxiene) 5 മാസത്തോളം കഴിച്ചു.
കോഴ്സ് തുടങ്ങുമ്പോളും അവസാനിപ്പിക്കുമ്പോളും ചില അസ്വസ്തതകളുണ്ട്.എന്‍റെ പ്രശ്നങ്ങള്‍ പരിപൂര്‍ണ്ണമായും അവസാനിച്ചപ്പോള്‍ മെഡിസിന്‍ നിര്‍ത്തി.
നിര്‍ത്തുമ്പോള്‍ 2 ദിവസം ശക്തമായ തലവേദനയും പനിയുമുണ്ടായിരുന്നു.
ഇപ്പോള്‍ എല്ലാം ശുഭം!!
പെര്‍ഫെക്റ്റ്‌ കണ്ടിഷന്‍.. 
(മന:ശ്ശാസ്ത്രം ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തില്‍ പോലും സിഹുറും മാരണവും ജിന്ന് ബാധയും സാധാരണ ജനങ്ങള്‍ക്കിടയില്‍ സജീവമായി നില നില്‍ക്കുന്നു.
ഇത് ചെറിയവന്റെ മായം ചേര്‍ക്കാത്ത അനുഭവക്കുറിപ്പാണ്.കമെന്റ് ഇടുന്നവര്‍ ഈ പോസ്റ്റിന്റെ സദുദ്ദേശം ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു
.


Sunday, February 20, 2011

തുടക്കം

ഒരു ഇട്ടാവട്ടത്ത്‌ കഴിഞ്ഞു കൂടി നേരെ ദുബായില്‍ ലാന്‍ഡ്‌ ചെയ്തവനാണ് ഞാന്‍.ലോക വിവരം കുറവായതിന്റെ സകല വിവരക്കേടുകളും കാട്ടുകയും കാട്ടിയതിനു വാങ്ങുകയും ചെയ്തതിനു ശേഷം ഇപ്പൊ വിവരം വെച്ചൂന്നൊരു തോന്നലും വന്നു.അങ്ങനെയാണ് ഈയൊരു ബ്ലോഗ്‌ തുടങ്ങുന്നത്. വമ്പന്‍ സ്രാവ് കല്‍ക്കിടയിലേക്ക് ഒരു ചെറുമീന്‍ കണക്കെ വന്നവനായത്‌ കൊണ്ട് കണ്ണില്‍ പെടാനും പ്രയാസമാണ്.ആദ്യം ഇത്രയും എഴുതീട്ട് നോക്കട്ടെ ;കാണാനും കേള്‍ക്കാനുമൊക്കെ ആരെങ്കിലും ഉണ്ടോന്ന്.എന്നിട്ടാവാം ബാക്കി.