Monday, March 7, 2011

പേക്കിനാവ്ഇതെന്‍റെ കടിഞ്ഞൂല്‍ പ്രസവമാണ്.അതിന്‍റെ എല്ലാ പേടിയും വേദനയും അനുഭവിച്ചു കൊണ്ടാണ് ഈ പോസ്റ്റ്‌ ഇവിടെ പിറന്നു വീഴുന്നത്.
ഈ ബൂലോകത്ത് വല്ലതും എഴുതി ഫലിപ്പിക്കുക എന്ന് പറയുന്നത് മീന് കായം പുരട്ടുന്ന പോലുള്ള പരിപാടിയല്ലന്നു ഇപ്പോളാ ബോധ്യം വന്നത്.
ഈ അടുത്ത കാലത്ത് ബൂലോകം പരിചയപ്പെട്ടവനാണു ഞാന്‍.നൂറു കണക്കിന് 
ബ്ലോഗര്‍മാരെയും അവരുടെ നൂറു കണക്കിന് പോസ്റ്റുകളും കണ്ടു.

എന്‍റെ റബ്ബേ..ഇവരൊക്കെ തീനും കുടിയും കഴിഞ്ഞല്ലേ ഈ പണിക്കൊക്കെ നിക്കുന്നത്!!!
ഇവിടെ തീനും കുടിയും വേണ്ടാന്നു വെച്ചിട്ടും രണ്ടു വരി തലയിലുദിക്കുന്നില്ല.
എഴുത്ത് മുന്നേയും ചെയ്തിട്ടുണ്ട്.പക്ഷെ ഇപ്പൊ വായിക്കാന്‍ കാത്തിരിക്കുന്നവരുണ്ടെന്നറിഞ്ഞപ്പോ ഉള്ള ചങ്കുറപ്പൊക്കെ പോയി.
തുടക്കം തന്നെ മോശമായാല്‍ എല്ലാവരെയും ശ്രദ്ധിക്കുന്നവന്‍ പോലും എന്നെ ശ്രദ്ധിക്കില്ല.
ഒരു വഴിപോക്കന്‍ പോലും പിന്നീടീ വഴിക്ക് തിരിഞ്ഞു നോക്കില്ല.
എന്തിനാ റബ്ബേ ഇങ്ങനൊരു മാരണം ഏറ്റത് എന്നോര്‍ത്ത് പനിയും പിടിച്ചു.(ദൈവത്താണേ..)
എന്‍റെ കഥയും കവിതയുമൊക്കെ ഗുണനിലവാര പരിശോധനക്ക് ലാബില്‍ കൊടുത്തിട്ടുണ്ട്.റിസള്‍ട്ട് കിട്ടിയാല്‍ പ്രസിദ്ധീകരിക്കും.
ഒരു സല്‍ക്കര്‍മ്മം ചെയ്തു കൊണ്ടല്ലേ എന്തും തുടങ്ങേണ്ടത് എന്നോര്‍ത്തിട്ടാണ് അതൊക്കെ മാറ്റി വെച്ചത്.പകരം എന്‍റെ ഈ അനുഭവം ഇവിടെ പങ്കു വെക്കുന്നു.
ഐക്കല്ല്, ഉറൂക്ക്,മന്ത്രിച്ചൂതിയ ചരട്, അസ്മാഉ (!!) (ഞാന്‍ ഉദ്ദേശിച്ച അക്ഷരം ഗൂഗിള്‍ തരുന്നില്ല.)എഴുതി തലയിലുഴിഞ്ഞ മുട്ട.പിഞ്ഞാണത്തിലെഴുതിയ മഷി,തങ്ങള്‍,മുസ്ലിയാര്‍,പറയന്‍,മന്ത്രവാദി.....
ഇവരെയൊക്കെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരനുഭവമാണ്.
വാദി: ഈ ചിന്ന ചെറിയവന്‍..

ഉറക്കത്തില്‍ പേക്കിനാവ് കാണുന്നത് ഒരു ശീലമാക്കിയവനായിരുന്നു ഞാന്‍.എന്റെ സ്വപ്നം ഭീകരമായിപ്പോയ ആദ്യാനുഭവം ഒരു ദുരന്ത ദിവസം പോലെയാണ് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നത്.ഒരിക്കല്‍ വര്‍ഷാന്ത അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തിയ ദിവസങ്ങളിലോന്നിലായിരുന്നു അത്.

ആ സ്വപ്നം ഇങ്ങനെയായിരുന്നു;

ഒരു മൈതാനത്ത് ഞാന്‍ മലര്‍ന്നു കിടക്കുന്നു.ഇരുട്ടി
ന്‍റെ ചാരനിറം പൂണ്ടു നില്‍ക്കുന്ന ആകാശം മാത്രമാണ് കണ്ണില്‍.പെട്ടെന്ന് ആകാശത്ത് നീല നിറത്തിലുള്ള ഒരു ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടു.(എന്ത് കൊണ്ട് ഡോള്‍ഫിന്‍ എന്നൊന്നും എനിക്കറിഞ്ഞൂടാ.)എന്‍റെ കണ്ണിനു സമാന്തരമായി അത് പതിയെ കറങ്ങാന്‍ തുടങ്ങി.ക്രമാനുഗതമായി അതിന്‍റെ കറക്കത്തിന്റെ വേഗത വര്‍ധിച്ചു കൊണ്ടിരുന്നു.
കറക്കം കൂടിക്കൂടി വന്നപോഴാണ് ആ ദയനീയ സത്യം എനിക്ക് ബോധ്യം വന്നത്;കറങ്ങുന്നത് ഡോള്‍ഫിന്‍ അല്ല.ഞാനാണ്‌.
എന്നെ കറങ്ങുന്ന ഒരു ബോര്‍ഡില്‍ ബന്ധിച്ചിരിക്കുന്നു.രക്ഷപെടാന്‍ ഒരു വഴിയുമില്ല 
എന്‍റെ കയ്യിന്‍റെയും കാലിന്‍റെയുമൊക്കെ പിടുത്തം വേര്‍പ്പെട്ടു തുടങ്ങി.തൊലിയുരിഞ്ഞു തെറിച്ചു പോകുന്നു.
വേദന
കടുത്ത വേദന..
പിന്നൊന്നും ഓര്‍ത്തില്ല.ഉറക്കെ അലറി.
ഒരിറ്റു നേരത്തേക്ക് എല്ലാം ശാന്തം.
എന്‍റെ അലര്‍ച്ചയുടെ വലുപ്പമറിയണമെങ്കില്‍ പിന്നത്തെ കഥകളൊക്കെ അറിഞ്ഞാല്‍ മതി.
റൂമില്‍ കൂടെയുള്ള നാലു പേരും ഉണര്‍ന്നു.ഒരാള്‍ വന്ന് വെള്ളം തന്നു,
ചൂട് വെള്ളം വേണോ?
എന്താ കണ്ടത്?
ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ?
രാത്രി കിടക്കുമ്പോ ആയത്തുല്‍ കുര്‍സിയ്യ്‌  ഓതിയില്ലേ?
ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു.
നേരം വെളുത്തപ്പോ മറ്റൊരു പുകില്.
തൊട്ടടുത്ത അറബി വില്ലയില്‍ നിന്ന് അറബി വന്ന് സലാം പറഞ്ഞു.
സലാം മടക്കിക്കഴിഞ്ഞപ്പോള്‍ അയാളുടെ സ്വഭാവം മാറി.
അയാള്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും സഹവാസി സങ്കടപ്പെട്ടു വിവരിച്ചു തന്നു.
"നിങ്ങളെന്താ ഇവിടെ പാതിരക്ക് കൊലപാതകം നടത്തുന്നുണ്ടോ? മനുഷ്യന്മാര്‍ക്ക് ഉറങ്ങണ്ടേ? എന്‍റെ വയസ്സായ ഉമ്മ ഒച്ച കേട്ട് പേടിച്ചുണര്‍ന്നു.
പകല്‍ നിങ്ങളുടെ കരിച്ചതിന്‍റെയും പൊരിച്ചതിന്‍റെയും മണം തന്നെ ഉമ്മാക്ക് പിടിക്കുന്നില്ല. എന്തെണ്ണയിലാ നിങ്ങള്‍ പൊരിക്കുന്നത്.മനുഷ്യന്മാര്‍ക്ക് തിന്നാന്‍ പറ്റിയ വല്ലതുമാണോ നിങ്ങള്‍ തിന്നുന്നത്?"
അറബി പറഞ്ഞതിന്‍റെ  മലയാളീകരിച്ച രൂപമാണ്‌ മേല്‍പ്പറഞ്ഞത്‌.
പത്തു മണിയാവുമ്പോഴേക്കു ബലദിയയില്‍ നിന്ന് നോട്ടീസുമായി ആള്‍ വന്നു.
അങ്ങനെ അവിടന്ന്‍ താമസം മാറി.

പുതിയ താമസസ്ഥലത്ത് നിന്നും  പേക്കിനാവ് കണ്ടു. പലവട്ടം.
ചിലതൊക്കെ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്.
കറങ്ങുന്ന രണ്ടു ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്നത്....
വലിയൊരു ഗര്‍ത്തത്തിലേക്ക് വീണു പോകുന്നത്...
തണുത്തുറഞ്ഞ വെള്ളത്തില്‍ വീഴുന്നത്..
അങ്ങനെ ചിലതൊക്കെ ഓര്‍ക്കുന്നു.
എല്ലാ സ്വപ്നത്തിലും മരണത്തെ ഞാന്‍ മുഖാമുഖം കണ്ടു.
സ്വപ്നത്തിനു ശേഷം ഉറങ്ങാന്‍ കഴിയാറുമില്ല.

ഇതൊക്കെ ഉറക്കത്തിലെ വിശേഷങ്ങള്‍;ഉണര്‍ന്നിരിക്കുംപോളും ചില വിശേഷങ്ങളുണ്ട്.
ശക്തമായ തല വേദന,
ഉറക്ക ക്ഷീണം;
ഇടക്ക് മാനസിക നില തെറ്റുന്നത് പോലെ,
ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല,
ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടി വരുമ്പോള്‍ മനസ്സ് പിടക്കുന്നു,
ശരീരം വിറക്കുന്നു,
അകാരണമായി വിയര്‍ക്കുന്നു,
ഇടയ്ക്കിടയ്ക്ക് പിരടിയുളുക്കുന്നു,
ദേഷ്യം വരുന്നു.....
പരിഹാര നിര്‍ദേശങ്ങള്‍ പലതും വന്നു;
മന്ത്രം,ചരട്,ഉരൂക്ക്,ഐക്കല്ല്,മന്ത്രവാദം,സിഹ്ര്...
എന്തായാലും ഇത്തരം പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ നമ്മളൊക്കെ ആശ്രയിക്കാറുള്ള നമ്മുടെയൊക്കെ വന്ദ്യ ഗുരു 'ഗൂഗിള്‍ ' അവര്‍കളുടെ അടുത്തു വിഷയം അവതരിപ്പിച്ചു.
ഈ സൂക്കേട് ചില്ലറക്കാരനല്ല.
അമേരിക്കയില്‍ മാത്രം 6 .8 മില്ല്യന്‍ ആളുകള്‍ക്ക് (പ്രായ പൂര്‍ത്തിയായവര്‍) ഈ അസുഖമുണ്ട്.
അതായത് 3 .1 ശതമാനം ആളുകള്‍ക്ക്.
GAD ( Generalized Anxiety Disorder ) എന്ന് മന:ശ്ശാസ്ത്രജ്ഞര്‍ ഓമനപ്പേരിട്ട് വിളിക്കുന്നു.

http://www.adaa.org/understanding-anxiety/generalized-anxiety-disorder-gad
ലക്ഷണങ്ങള്‍ പലരിലും വ്യത്യാസപ്പെട്ടിരിക്കും.ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുണ്ട്‌.
എന്തായാലും നാട്ടില്‍ പോയി ഡോക്ടറെ വിളിച്ചു.
ഒരു സ്ത്രീ ആണ്.പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലില്‍.
ഭാര്യയുമായി ചെല്ലാന്‍ പറഞ്ഞു.
അവിടെ ജനറല്‍ ബ്ലോക്കും മെന്റല്‍ ബ്ലോക്കും വേറെ വേറെയാണ്.
ഭാര്യക്ക്‌ വിഷയം ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല.ഡോക്ടറുടെ കാബിനു പുറത്തു കത്ത് നില്‍ക്കുമ്പോള്‍ ഭാര്യ ചോദിച്ചു;
'ഇത് ഭ്രാന്തന്മാരുടെ ഡോക്ടറല്ലേ?'
ഞാന്‍ പറഞ്ഞു: 'അതെ'
'ഇങ്ങക്കെന്താ പ്രാന്ത്ണ്ടാ?'
ഭാര്യ വിടുന്ന ലക്ഷണമില്ല.
'പ്രാന്ത് വരാണ്ടിരിക്കാനാ..'
'വന്നിട്ട് കാട്ടിയ പോരെ?'
'വന്നിട്ട് കാട്ടാന്‍ ഇയ്യ്‌ കൂടെ വരോ ?'
വാദിച്ചു ജയിച്ചെങ്കിലും അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങി.
അവളുടെ മുഖവും ശബ്ദവും താഴ്ന്നു.
'നമ്മക്ക് പോവാം...ഇങ്ങക്കൊരു സൂക്കെടൂല്ല്യാ....ഒക്കെ ഇങ്ങള്‍ടെ തോന്നലാ..'
മനമില്ലാ മനസ്സോടെ ഡോക്ടറെ കാണാതെ തിരിച്ചു പോന്നു.
പിന്നീടു ദിവസങ്ങളെടുത്ത് അവളെ വിഷയം പറഞ്ഞു മനസ്സിലാക്കി.
ഒരു പോക്ക് കൂടെ പോയി.
ഡോക്ടറെ കണ്ടു.
ഡോക്ടര്‍ക്ക് പലതും അറിയേണ്ടതുണ്ടായിരുന്നു;
എന്‍റെ ജോലി,ആരോഗ്യം,കുടുംബ പശ്ചാത്തലം...
വൃക്ക ഉദര സംബന്ധമായ രോഗങ്ങളുണ്ടോ?
സഭാകമ്പമുണ്ടോ?
വലിയ ബാധ്യതകളുണ്ടോ?
ജനിച്ചു വളര്‍ന്ന പശ്ചാത്തലം എന്ത്?
തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍...
അവസാനം ഡോക്ടര്‍ കല്പിച്ചതും ഗൂഗിള്‍ നിരീക്ഷിച്ചതും ഒന്ന്.
( ബൂലോകത്ത് വായിക്കാന്‍ കുറെയേറെ ഉള്ളത് കൊണ്ടും കൂടുതല്‍ വിശദീകരിച്ചാല്‍ ബോറടിക്കുമെന്നുല്ലത് കൊണ്ടും മാനസിക ശാരീരിക ആരോഗ്യ മേഖല എനിക്ക് പരിചയമില്ലാത്ത വിഷയമായത് കൊണ്ടും കൂടുതല്‍ എഴുതാന്‍ ഞാന്‍ വിസമ്മതിക്കുന്നു.)
ഡോക്ടര്‍ കുറിച്ച് തന്ന VENTAB (Venlafaxiene) 5 മാസത്തോളം കഴിച്ചു.
കോഴ്സ് തുടങ്ങുമ്പോളും അവസാനിപ്പിക്കുമ്പോളും ചില അസ്വസ്തതകളുണ്ട്.എന്‍റെ പ്രശ്നങ്ങള്‍ പരിപൂര്‍ണ്ണമായും അവസാനിച്ചപ്പോള്‍ മെഡിസിന്‍ നിര്‍ത്തി.
നിര്‍ത്തുമ്പോള്‍ 2 ദിവസം ശക്തമായ തലവേദനയും പനിയുമുണ്ടായിരുന്നു.
ഇപ്പോള്‍ എല്ലാം ശുഭം!!
പെര്‍ഫെക്റ്റ്‌ കണ്ടിഷന്‍.. 
(മന:ശ്ശാസ്ത്രം ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തില്‍ പോലും സിഹുറും മാരണവും ജിന്ന് ബാധയും സാധാരണ ജനങ്ങള്‍ക്കിടയില്‍ സജീവമായി നില നില്‍ക്കുന്നു.
ഇത് ചെറിയവന്റെ മായം ചേര്‍ക്കാത്ത അനുഭവക്കുറിപ്പാണ്.കമെന്റ് ഇടുന്നവര്‍ ഈ പോസ്റ്റിന്റെ സദുദ്ദേശം ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു
.