Friday, July 22, 2011

ഭൂമി വില്‍ക്കാനുണ്ട്..




               കിടപ്പാടത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടെ കൊച്ചു കേരളം.റോഡ്‌ സാന്ദ്രതയിലും ജനസാന്ദ്രതയിലും ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒട്ടും ഇടവേളകളില്ലാതെ കിടപ്പാടങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്.സമര മുഖത്തെത്താന്‍ വിമുഖത കാട്ടിയിരുന്ന ആദിവാസി സമൂഹങ്ങള്‍ വരെ സമരം നയിക്കാന്‍ തുടങ്ങിയതോടെ ഒളിപ്പിച്ചു വെക്കാന്‍ കഴിയാത്ത ഗര്‍ഭാവസ്ഥയായി വളര്‍ന്ന പല സമരങ്ങളും ദേശീയ തലത്തിലും ആഗോളതലത്തിലും വരെ ശ്രദ്ധിക്കപ്പെട്ടു.
                         മണ്ണ് മണ്ണിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കാണ് ഇന്ന് മണ്ണില്ലാത്തത്  എന്നത് ഇന്ന് ഏറെ ചിന്തനീയമായിരിക്കുന്നു. കൃഷി ചെയ്യുന്നതിനും വീട് വെക്കുന്നതിനുമുപരി ഭൂമി കൊണ്ടുള്ള ആവശ്യങ്ങള്‍ അനന്തവും അവര്‍ണ്ണനീയവുമായി വ്യാപിച്ചു പോയത് കൊണ്ടുള്ള ദുരവസ്ഥ!.
ഭൂമിക്കച്ചവടം എന്നത് പണസമ്പാദനത്തിനുള്ള എളുപ്പ വഴിയായിട്ടു അധിക കാലമായിട്ടില്ല.
കാട്ടിലും കടലോരത്തും ചേരികളിലും റോഡരികിലും താമസിക്കുന്നവരില്‍ മാത്രം പരിമിതമായിരുന്നു ഇത് വരെ ഭൂസമരങ്ങള്‍..
എന്നാല്‍ ഇനിയും ഐക്യരൂപം  പൂണ്ടിട്ടില്ലാത്ത സാധാരണക്കാരായ ഭൂരഹിതരുടെ പക്ഷം മൂര്‍ച്ചയേറിയ ഒരു സമര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും വെച്ച് നീട്ടിയാലും വീട് വെക്കാന്‍ വേണ്ട അഞ്ചു സെന്‍റ് ഭൂമി വാങ്ങാന്‍ തികയാതെ വരുന്നത് കൊണ്ട് സ്വന്തം വീട് എന്ന അനിവാര്യത അന്യമായിപ്പോയവരുടെ പക്ഷം.
ഭൂമിയെ വില്‍പനച്ചരക്കാക്കിയവരുടെ അത്യാര്‍ത്തി കൊണ്ട് ഭൂരഹിതരായിത്തീര്‍ന്നവരാണവര്‍.
ഭൂമി, വെള്ളം, വായു എന്നിവ ഒരു ജീവിയുടെ ജന്മാവകാശങ്ങലില്‍ പെട്ടതാണ്. അത് വില്പ്പനച്ചരക്കാക്കാന്‍ പാടില്ല എന്നത് ഒരു മതത്തിന്‍റെയും ആദര്‍ശത്തിന്‍റെയും മഹദ്‌ വ്യക്തിത്വങ്ങളുടെയും സ്വന്തമായ ആപ്തവാക്യമല്ല.
അത് ഈ ഭൂമിയുടെ തന്നെ സന്തുലിതമായ നിലനില്‍പ്പിന് വേണ്ടിയുള്ള സിദ്ധാന്തമാണ്.
എന്നിട്ടും ഭൂമിക്കച്ചവടം എതിര്‍വാക്കുകളില്ലാത്ത പകല്‍ക്കൊള്ളയായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ധാര്‍മികവും സാമൂഹികവും ആത്മീയവുമായ ഒരു കാരണങ്ങള്‍ കൊണ്ടും ന്യായം ന്യായം പറയാന്‍ സാധ്യമല്ലാത്ത ഈ കൊള്ളരുതായ്മക്കെതിരെ മതങ്ങളും ആദര്‍ശങ്ങളും യുവസംഘങ്ങളും കുറ്റകരമായ മൌനം വെടിയാത്തതെന്തു കൊണ്ടാണ്.
മുമ്പൊരു സര്‍ക്കാര്‍ 'GIM' ലൂടെ കേരളത്തിലെ ജലസ്രോതസ്സുകളെ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ സമാനതകളില്ലാത്ത പക്വമായ പ്രതിഷേധങ്ങള്‍ കൊണ്ട് നേരിട്ട അതേ സംഘങ്ങള്‍ തന്നെയാണിവിടെ മൌനം ദീക്ഷിച്ചിരിക്കുന്നത്.
തീര്‍ച്ചയായും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കപ്പെടണം. അനിവാര്യമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാത്ത ഭൂസാംബാദകരെ ഒറ്റപ്പെടുത്തണം.
'ഭൂമാഫിയ' എന്ന് പറഞ്ഞ് തരം തിരിക്കുന്നതിനു മുമ്പ് നമ്മള്‍ നമ്മിലേക്ക് തന്നെ ഒന്ന് നോക്കുന്നത് നല്ലതല്ലേ. 'റിയല്‍ എസ്റ്റെറ്റില്‍ ഒരു ഷെയര്‍' എന്നത് നമ്മുടെ വിശ്വാസത്തിന്‍റെയും ദൈവപ്രീതിയുടെയും പരിധിയില്‍ വരുന്നതാണോ എന്ന് ചിന്തിച്ചു പോരെ മറ്റുള്ളവരെ പഴി ചാരുന്നത്?
മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളും ഈ വേണ്ടാതീനത്തിനെതിരാണെന്ന് ഒട്ടും ശങ്കയില്ലാതെ പറയാം. എന്നിട്ടും പലയിടത്തും ഇതൊരു 'ഹലാലായ' പണ സമ്പാദനമാര്‍ഗമായി പണ്ഡിത നേതൃത്വത്തില്‍ തന്നെ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് നമ്മളെത്തിപ്പെട്ട മൂല്യ ശോഷണത്തിന്‍റെ ആഴമാണ് കാണിക്കുന്നത്.അല്ലെങ്കിലും ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങള്‍ മറിഞ്ഞേക്കാവുന്ന മറ്റെന്തു ബിസിനസ്സാണ് ലോകത്തുള്ളത്?
വല വീശിയും വില പേശിയും കെണികളൊരുക്കിയും  ഭൂമിക്ക് വിലയേറ്റുമ്പോള്‍ ഒരു ജനതയോടും കുലത്തിനോടും ചെയ്യുന്ന അതിക്രമമാണിതെന്ന് മനസ്സില്‍ ദൈവ വിശ്വാസമുള്ളവനെങ്കിലും ഓര്‍ക്കണം.
ഒരിക്കലും ഇരട്ടിപ്പിക്കാണോ ഉല്‍പാദിപ്പിക്കാണോ പൂഴ്ത്തിവെക്കാനോ സാധ്യമല്ലാത്തതാണീ  ഭൂമി. ഭൂലഭ്യതയുടെ അഭാവം കച്ചവടക്കണ്ണുള്ളവര്‍ സ്വന്തം മാതൃഭൂമിയും വ്യഭിചരിക്കാന്‍ തുടങ്ങിയതോടെ സംഭവിച്ചതാണ്. അല്ലാതെ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കുമിടയില്‍ നീതിപൂര്‍വ്വം ഭൂമിയെ വീതം വെച്ച ദൈവത്തിനു പിഴച്ചതല്ല.
നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും വരെ ഇന്ന് ലക്ഷങ്ങളും കോടികളുമാണ് ഭൂമിയുടെ വില. ഇവിടങ്ങളിലത്രയും ഇന്ന് ഭൂമി  കൈവശപ്പെടുത്തി വെച്ചിരിക്കുന്നത് ഭൂമാഫിയ എന്ന് വിളിപ്പേരുള്ള ഗുണ്ടാസംഘങ്ങളൊന്നുമല്ല. നാട്ടുമ്പുറത്ത്കാരായ കൊച്ചുപണക്കാരും അവരുടെ ശിങ്കിടിമാരും ദല്ലാളുമാരുമാണ്.
ജീവിതത്തിന്‍റെ ദൈന്യത കൊണ്ട് കുഴിഞ്ഞുപോയ കണ്‍തടങ്ങളില്‍ നിന്നിറ്റുന്ന കണ്ണുനീരിന്‍റെ ഉപ്പുരസം കലര്‍ന്ന രണ്ടുപിടി ചോറില്‍ നിന്നാണീ  ഓഹരി പറ്റുന്നതെന്ന് ഉടലില്‍ നട്ടെല്ലുള്ളവരെങ്കിലും ആലോചിക്കണം.
വിറ്റാല്‍ ലാഭം കിട്ടുന്നതെന്തും വില്പനച്ചരക്കാക്കാമെന്ന് വിശ്വസിച്ചുപോയാല്‍ ഇനി വില്‍ക്കാനെന്തൊക്കെയിരിക്കുന്നു.
തിരുത്താന്‍ ബാധ്യസ്ഥരായവരുടെ  നികൃഷ്ടമായ മൗനം അവര്‍ക്കും ഈ കൊലച്ചോറില്‍ ഒരു പങ്കില്ലേ എന്ന സംശയം ധ്വനിപ്പിക്കുന്നുണ്ട്. അതോ കല്ലെറിയാന്‍ പാപം ചെയ്യാത്തവരായി ആരുമില്ലെന്നാണോ?
ഭക്ഷണവും സമ്പത്തും ഇപ്പോള്‍ ഭൂമിയും ഒരുകൂട്ടം സമ്പന്നരുടെ കയ്യില്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. ഈ സ്ഥിതി അല്പകാലം  കൂടെ തുടര്‍ന്ന് പോയാല്‍ കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനകീയ സമരം കൃഷിഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ളതായിരിക്കും.  ഒരു സംഘടനയും ഒരു നേതാവുമില്ലാത്ത ഒരു 'മുല്ലപ്പൂ വിപ്ലവ'മായിട്ടായിരിക്കും അത് പരിണമിക്കുക. ഇപ്പോള്‍ ഐക്യപ്പെടാനാകാതെ അന്ധമായ ശുഭാപ്തി വിശ്വാസം കൊണ്ട് മൗനികളായ ഭൂരഹിതര്‍ വിശ്വരൂപം പുറത്തെടുത്ത് പൊട്ടിത്തെറിക്കും. അന്ന് ആ ചരിത്രസമരത്തിന്‍റെ എതിര്‍സ്ഥാനത്ത് ആര് എന്നുള്ളതായിരിക്കും ഏറെ വിചിത്രം.
വ്യാജ പട്ടയങ്ങള്‍ ചമച്ച് അന്യായമായി ഭൂമി കയ്യേറ്റം ചെയ്തു കൈവശം വെക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെയായിരിക്കില്ല ഈ സമരം.ന്യായമായതും കൃത്യമായതുമായ രേഖകളുള്ള ഭൂവുടമകള്‍ക്കെതിരായിരിക്കും.
അത് കൊണ്ട് തന്നെ സര്‍ക്കാരിനും അനുബന്ധ സംവിധാനങ്ങള്‍ക്കും സമരത്തിന്റെ എതിര്‍പക്ഷത്തു നില്‍ക്കേണ്ടി വരും. അത് വരെ ധര്‍മ്മം പ്രസംഗിച്ചു നടന്നവരും ആ സമരത്തിന്‍റെ എതിര്‍പക്ഷത്തു നിലയുറപ്പിക്കും എന്നതായിരിക്കും അതിലെ ഏറ്റവും വലിയ ദുരന്തം!!

13 comments:

  1. നന്നായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്‌. കൃത്യമായ കുറെ നിരീക്ഷണങ്ങള്‍ താങ്കള്‍ നടത്തുന്നുണ്ട്. ഭൂസമരങ്ങളുടെ പുതിയ മുഖം എങ്ങനെയൊക്കെ ചരിത്രത്തില്‍ സ്ഫുരണങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടു തന്നെയറിയണം.

    ശക്തമായ താങ്കളുടെ രചനാ വൈഭവം അഗ്രികളില്‍ പബ്ലിഷ് ചെയ്യാത്തത്‌ കൊണ്ടോ മറ്റോ ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ നിരാശയുണ്ട്. ചിന്ത, സൈബര്‍ ജാലകം എന്നിവയില്‍ ഈ ബ്ലോഗ്‌ കാണാറില്ലെന്നാണ് തോന്നുന്നത്. ബ്ലോഗ്‌ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  2. ....അന്ധമായ ശുഭാപ്തി വിശ്വാസം കൊണ്ട് മൗനികളായ ഭൂരഹിതര്‍ വിശ്വരൂപം പുറത്തെടുത്ത് പൊട്ടിത്തെറിക്കും. അന്ന് ആ ചരിത്രസമരത്തിന്‍റെ എതിര്‍സ്ഥാനത്ത് ആര് എന്നുള്ളതായിരിക്കും ഏറെ വിചിത്രം....!!

    ശരിക്കും ചിന്തിപ്പിച്ചു മാഷെ..!
    ഇനിയെന്താകുമോ..ഏതാകുമോ..?
    ഇനിയുമെഴുതുക.
    ആശംസകള്‍!!

    ആശംസകള്‍..!

    ReplyDelete
  3. വളരെ പ്രസക്തമായ ചിന്തകള്‍. കേരളത്തില്‍ ഇന്ന് ഏറ്റവും രൂക്ഷമായ ധാര്‍മിക പ്രശ്നങ്ങളില്‍ ഒന്നാണ് ഭൂമിക്കച്ചവടം.

    ReplyDelete
  4. വ്യക്തമായ നിലപാടെടുക്കാന്‍ കഴിയാതെ ആദര്‍ശ പ്രസ്ഥാനങ്ങള്‍ പോലും കുറ്റകരമായ മൌനം പാലിക്കുകയാണ്! അതെ.. വെള്ളം, വെളിച്ചം, വായു, ഭക്ഷണം, വസ്ത്രം, പാര്‍പിടം; പാര്‍പിടത്തിന് ഒരു തുണ്ട് ഭൂമിയും! മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ഇതാ ഒന്ന് കൂടി!! രണ്ടോ മൂന്നോ പേര്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചാല്‍ ഒരു തുണ്ട് ഭൂമി തന്നെ തുടര്‍ച്ചയായി ക്രിയവിക്രയം ചെയ്ത് ലക്ഷങ്ങളും കോടികളും സമ്പാദിക്കാം! ഒട്ടും ഉത്പാദനക്ഷമതയും അദ്വാനവും ഇല്ലാതെ ഇത്ര പെട്ടന്ന് സമ്പന്നനാകാന്‍ വേറെ എന്ത് വേണം?!

    ReplyDelete
  5. കേരളം ഇന്ന് മൊത്തം വിറ്റുകൊണ്ടിരിക്കുകയാണ്, മണ്ണിന്റെ മക്കള്‍ തെരുവിലേകും...
    ഈ പ്രതികരണത്തിന് ആശംസകള്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഐക്യദാര്‍ഡ്യം അറിയിക്കുന്നവര്‍ക്കൊക്കെ ഹൃദയം തൊട്ട് നന്ദി. അക്ഷരത്തില്‍ അഗ്നി സൂക്ഷിക്കുന്ന എഴുത്തുകാര്‍ ഈ വിഷയം ഏറ്റെടുക്കണം എന്നെ വായനക്കാരായ ബ്ലോഗ്ഗേര്സിനോട് പറയാനുള്ളൂ..

    ReplyDelete
  8. വിറ്റാല്‍ ലാഭം കിട്ടുന്നതെന്തും വില്പനച്ചരക്കാക്കാമെന്ന് വിശ്വസിച്ചുപോയാല്‍ ഇനി വില്‍ക്കാനെന്തൊക്കെയിരിക്കുന്നു.

    വളരെ പ്രസക്തമായ ഒരു കാര്യം തന്നെ.

    ReplyDelete
  9. വലിയ വര്‍ത്തമാനം ഇപ്പോഴാണ് കണ്ണില്‍ കയറിയത്....നിരീക്ഷണങ്ങള്‍ മനസ്സിലും കയറി.....ആശംസകള്‍....
    വീണ്ടും കാണാം നമുക്ക്.....

    ReplyDelete
  10. പ്രിയപ്പെട്ട സുഹൃത്തേ,

    സമകാലീന പ്രശ്നം ഭംഗിയായി തന്നെ അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  11. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete